രേഖകള്‍ വ്യാജം;കാനഡയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നു; ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കബളിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍

By: 600002 On: Mar 18, 2023, 7:16 AM

 

കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഓഫര്‍ ലെറ്ററുകളുമായി എത്തിയ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിസ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി വിദ്യാര്‍ത്ഥികള്‍. ഇന്ത്യയിലെ ഏജന്റുമാര്‍ തങ്ങളെ കബളിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കാനഡയില്‍ പഠിച്ച് ജോലി നേടി ജീവിതം കരയ്ക്കടുപ്പിക്കണമെന്ന സ്വപ്‌നവുമായെത്തിയ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഏജന്റിന്റെ ചതിയില്‍പ്പെട്ടത്. മക്കളുടെ ഭാവിജീവിതത്തിനായി പണം ചെലവാക്കി നല്ലൊരു ജീവിതം ആഗ്രഹിച്ച വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ഇതറിഞ്ഞതോടെ ആശങ്കയിലാണ്.  പഠനത്തിനായി നല്‍കിയിരിക്കുന്നതും വിസ രേഖകളും വ്യാജമായിരുന്നുവെന്ന് പല വിദ്യാര്‍ത്ഥികളും അറിയുന്നത് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി(സിബിഎസ്എ) ഡീപോര്‍റ്റേഷന്‍ നോട്ടീസ് നല്‍കിയപ്പോള്‍ മാത്രമാണ്. നിയമക്കുരുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 

ബ്രിജേഷ് മിശ്ര എന്നയാളുടെ നേതൃത്വത്തില്‍ ജലന്ധറിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി കാനഡയിലെത്തിയവരാണ് പലരും. പ്ലസ് ടുവിന് ശേഷം ബ്രിജേഷ് മിശ്രയുടെ എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി കാനഡയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിച്ചതായി വിദ്യാര്‍ത്ഥികളിലൊരാളായ ചമന്‍ സിംഗ് പറയുന്നു. പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹംബര്‍ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കുമായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 മുതല്‍ 20 ലക്ഷം രൂപ മിശ്ര ഈടാക്കിയതായി ചമന്‍ സിംഗ് അറിയിച്ചു. വിമാന ടിക്കറ്റുകളും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഏജന്റ് നല്‍കിയ പണത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും ചമന്‍ സിംഗ് വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്എ രേഖകള്‍ സൂക്ഷമമായി പരിശോധിക്കുകയും അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇതോടെ പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചതായും ചമന്‍ സിംഗ് പറയുന്നു. തുടര്‍ന്ന് ഹിയറിംഗിന് ശേഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാടുകടത്തല്‍ നോട്ടീസ് നല്‍കി. 

ഏജന്റ് വിസ അപേക്ഷാ ഫയലുകളില്‍ ഒപ്പിപ്പിട്ടില്ലെന്നും ഏജന്റിന്റെ സേവനം വാടകയ്‌ക്കെടുക്കാതെ വിദ്യാര്‍ത്ഥി സ്വയം അപേക്ഷകനാണെന്ന് കാണിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ഒപ്പിടുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വ്യാജ രേഖ ചമച്ചതിനാല്‍ മിശ്ര ബോധപൂര്‍വ്വം ചെയ്തതാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.