പിഎം ഓഫിസിലെ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ്  തട്ടിപ്പ്; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ 

By: 600021 On: Mar 18, 2023, 2:34 AM

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോ​ഗസ്ഥൻ  ചമഞ്ഞ് തട്ടിപ്പു നടത്തിയ  ഗുജറാത്ത് സ്വദേശി  കിരൺ ഭായ് പട്ടേൽ അറസ്റ്റിൽ.  ഇസഡ് പ്ലസ് സുരക്ഷ,  ബുള്ളറ്റ് പ്രൂഫ് കാർ, പഞ്ചനക്ഷത്ര ഹോട്ടിലെ താമസം ഉൾപ്പെടെ സൗകര്യങ്ങളോടെ  അതിര്‍ത്തി പോസ്റ്റുകൾ , തന്ത്രപ്രധാന മേഖലകൾ എന്നിവടങ്ങൾ   ഇയാൾ സന്ദർശിച്ചു.  പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്ട്രാറ്റജി, ക്യാംപെയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ആണെന്നു പരിചയപ്പെടുത്തി അധികൃതരെ സമീപിച്ച ഇയാൾ ഉന്നത  ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ചയും  നടത്തി. കൂടുതലും ഹെല്‍ത്ത് റിസോര്‍ട്ടുകൾ സന്ദര്‍ശിച്ച പട്ടേൽ  കശ്മീരിൻ്റെ  വിനോദ സഞ്ചാര മേഖലയുടെ വികസന കാര്യമാണ് ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്തത് .  കശ്മീർ സന്ദർശനത്തിനിടെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഇയാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ജില്ലാ മജിസ്‌ട്രേറ്റായ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പിഎം ഓഫിസിലെ ഉദ്യോ​ഗസ്ഥൻ കശ്മീർ സന്ദർശിച്ചെന്ന് പൊലീസിന് വിവരം നൽകുകയും ചെയ്തതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.  പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ പേരിൽ ഒരു  ഉദ്യോ​ഗസ്ഥനും  പിഎം ഓഫിസിൽ ഇല്ലെന്ന് മനസ്സിലാക്കുകയും  ശ്രീനഗറിലെ ഹോട്ടലില്‍ നിന്ന് പട്ടേലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.