പെൻ തോക്കുമായി വാഹനമോഷണം നടത്തിയ നാല് യുവാക്കൾ ടൊറോൺടോവിൽ അറസ്റ്റിൽ

By: 600110 On: Mar 17, 2023, 6:49 PM

പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന പെൻ തോക്കുമായി വാഹനമോഷണം നടത്തിയ നാല് യുവാക്കളെ ദുർഹം മേഖലയിൽ നിന്നും ഓൺടാരിയോ പ്രൊവിൻഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനവുമായി ഈ സംഘം അജാക്സിലുള്ള സേലം റോഡിൽ വച്ച് ടൊറോൺടോ പോലീസിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുകയായിരുന്നു എന്ന് പോലീസിന്റെ ഹൈവെ സേഫ്റ്റി വിഭാഗം പറഞ്ഞു. കൂട്ടത്തിൽ ഒരാളുടെ കൈവശം 0.22 കാലിബറുള്ള ഒരു പെൻ തോക്കും ഉണ്ടായിരുന്നു. ഇയാൾക്കെതിരെ ആയുധം കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ ലംഘനത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒരു പേനയുടെ അത്ര വലുപ്പമുള്ളതും അനായാസം കൈകാര്യം ചെയ്യാവുന്നതുമായ ഈ ഉപകരണം, ഒരു സ്വയം പ്രതിരോധ സാമഗ്രിയായി പതിറ്റാണ്ടുകളായി നിലവിലുണ്ട്. ഒരു സേഫ്റ്റി നോച്ചോടുകൂടി നിർമിച്ചിരിക്കുന്ന പെൻ തോക്ക് ഒരു സിംഗിൾ ഷോട് ആയുധമാണ്.