ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ മാർച്ച് 21 നു ഐപിഎല്ലില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു.

By: 600084 On: Mar 17, 2023, 4:13 PM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റണ്‍ : മാർച്ച് 21 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈൻ സംഘടിപ്പിക്കുന്ന നാനൂറ്റി അറുപത്തിരണ്ടാമതു പ്രാർത്ഥനാ സമ്മേളനത്തിൽ ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ(ന്യൂജേഴ്‌സി) മുഖ്യ പ്രഭാഷണം നല്‍കുന്നു.

ഐപിഎല്ലില്‍ ആദ്യമായി പ്രഭാഷണത്തിനെത്തുന്ന ബിഷപ്പ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഷംഷാബാദ് രൂപത അദ്ധ്യക്ഷനാണ്.

ഈ വർഷത്തെ മാരാമൺ കൺവെൻഷനിൽ നടത്തിയ തിരുവചന ധ്യാനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നോമ്പ് കാല ധ്യാനങ്ങൾക്കു നേത്ര്വത്വം നൽകുന്നു.

പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിതദൗത്യമാണെന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ വിശ്വാസീഗണത്തിന് മതിയായ കരുതൽ നൽകിയില്ലെങ്കിൽ വിശ്വാസം ക്ഷയിക്കാനുള്ള സാധ്യതയുണ്ടെന്നും വിശ്വസിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ജീവിതം ആരംഭിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനവും, പൂരങ്ങളുടെ നാടായും അറിയപ്പെടുന്ന തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തുനിന്നുമാണ്.

1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടിലില്‍ ജനിച്ചത്. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു.

2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്.

2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മാർച്ച് 21 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പിന്റെ  പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ  ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന, ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോര്‍ഡിനേറ്റര്‍).