Written by, Abrham George, Chicago.
പോറ്റിസാറ്, ഒരു മാതൃകാദ്ധ്യാപകനാണ്. ദേശീയ പുരസ്ക്കാരം വരെ ലഭിച്ച പോറ്റിസാറ് ഇന്ന് റിട്ടയേർഡ് ജീവിതം നയിക്കുന്നു. മക്കളില്ല. സാറിൻ്റെയും, ഭാര്യ ലക്ഷ്മി ടീച്ചറുടേയും മക്കൾ, ട്യൂഷന് വരുന്ന കുട്ടികളാണ്. സാറ് ട്യൂഷൻ ഫീസ്, ആരോടും നിർബന്ധിച്ച് വാങ്ങാറില്ല. തരുന്നവർ തരട്ടേയെന്ന ചിന്താഗതിയാണ് മാഷിൻെറത്. ക്ലാസിലെ തിരക്കു കാരണം, കാലത്തും വൈകുന്നേരവുമായി ട്യൂഷൻ നടത്തുവാൻ മാഷ് തീരുമാനിച്ചു.
ലളിത, കാലത്തെ ഷിഫ്റ്റിലും ഞാൻ വൈകുന്നേരത്തെ ഷിഫ്റ്റിലും ആയി മാറി. ട്യൂഷൻ കിട്ടിയതോടെ എൻ്റെ പഠന മികവ് വർദ്ധിച്ചുയെന്നു വേണം പറയാൻ. അതിന് ലളിതയോടാണ് നന്ദി പറയേണ്ടത്. എന്നാൽ ഞങ്ങൾ തമ്മിൽ ഇപ്പോൾ കാണാറേയില്ല. കാണണമെന്ന മോഹവുമില്ല. അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല, അവളുടെ ജീവിതം ഞാൻ കാരണം നശിക്കരുതെന്ന് കരുതി മാത്രം. ഒരു ദിവസം ക്ലാസ് വിട്ട് ധൃതിയിൽ പോരുമ്പോൾ പിന്നിൽ നിന്നും വിളി കേട്ടു.
"ഡാ, അവിടെ നിന്നേ, നീ എന്താ എന്നെ കണ്ടാൽ മൈൻറ് ചെയ്യാതെ പോണത്. " ലളിതയാണ്.
"ഞാൻ ശ്രദ്ധിച്ചില്ല, ഡി. "
"നീ നുണയനാണ്, ശ്രദ്ധിച്ചില്ലാ പോലും, നീയിപ്പോൾ ഗേൾസ് ഹൈസ്ക്കുളിൻ്റെ മുന്നിലേക്ക് വരാറേയില്ലേ?" അവൾ ചോദിച്ചു.
"ഇല്ല, വേഗം വീട്ടിലെത്തി ട്യൂഷന് പോകണം. എന്തെങ്കിലുമുണ്ടെങ്കിൽ കഴിച്ചിട്ട് വേണം പോകാൻ. നീ പൊയ്ക്കോ, നമുക്ക് പിന്നെ കാണാം."
"നീ ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ, അതെന്താ? നിനക്കെന്തെങ്കിലും അസുഖമുണ്ടോ?"
"നിനക്ക് വിശപ്പ് എന്താണന്ന് അറിയാമോ? ഞാൻ അരിയാഹാരം കഴിച്ചിട്ട് ഒരാഴ്ചയായി. കയ്യിൽ കിട്ടുന്നതെന്തെങ്കിലും കഴിച്ച് ജീവൻ നിലനിർത്തുന്നു."
"നീ എന്തൊക്കെയാണ് ഈ പറയണത്. നിനക്ക് വീട്ടിലേക്ക് വരാമായിരുന്നില്ലേ?"
"ഇതു പോലും കിട്ടാത്തവർ ഇവിടെ ധാരാളമുണ്ട്. അവർക്കെല്ലാം നിനക്ക് ഭക്ഷണം കൊടുക്കാൻ കഴിയോ? എൻ്റെ കുടുംബം ആകെ നശിച്ചിരിക്കുകയാണ് ലളിതേ.. സൈക്കിൾ ഷാപ്പ് നിർത്തി, അപ്പൻ വീട്ടിൽ വെറുതെയിരിക്കുന്നു. അപ്പനിപ്പോൾ തീരെ വയ്യാ. മൂത്ത ചേട്ടൻ എവിടെന്നോ ഒരു പെണ്ണിനെ കൊണ്ടുവന്ന് വീട്ടിൽ പാർപ്പിച്ചിട്ടുണ്ട്. വീടിൻ്റെ ഒരു വശം ചാർത്തി അവിടെയാണ് പാർപ്പ്. അതിനിളയചേട്ടൻ എങ്ങോട്ടോ നാട് വിട്ടു പോയി. അതിനിളയത് വാർക്ക പണിക്ക് പോകുന്നു. അയാൾക്ക് കിട്ടുന്ന വരുമാനം കൊണ്ടാണ്, ഇപ്പോൾ കുടുംബം കഴിയുന്നത്. അമ്മചുറ്റുപാടുമുള്ള വീടുകളിൽ വേലക്ക് പോകുന്നുണ്ട്. അമ്മക്കും തീരേ വയ്യാ. ഞാനും പത്താം ക്ലാസ് കഴിഞ്ഞാൽ, എന്തെങ്കിലും ജോലിക്ക് പോകണം. അല്ലെങ്കിൽ പട്ടിണി കിടന്ന് ഞാൻ ചത്തുപോകും."
"അപ്പോൾ നിനക്ക് തുടർന്ന് പഠിക്കെണ്ടേ? പത്താം ക്ലാസ് വെച്ച്, എന്ത് ജോലി കിട്ടാനാ.. "
"കൂലിപ്പണിക്ക് പോണതിന്, എന്ത് വിദ്യാഭ്യാസം. എന്തായാലും ചേട്ടൻ്റെ കൂടെ വാർക്ക പണിക്ക് കൂടാമെന്ന് കരുതി. "
ലളിത ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു. "നീ എന്നെ കല്യാണം കഴിച്ചാൽ, നിനക്ക് ജോലി കിട്ടുമെന്നല്ലേ പറഞ്ഞത്. ഞാൻ റെഡി. " അവൾ പറഞ്ഞു
"ബെസ്റ്റ്, പതിനാറു വയസ്സു പോലും തികയാത്ത നിന്നെ കല്യാണം കഴിച്ചാൽ, ജോലിയല്ല, ജയിലായിരിക്കും കിട്ടുക. പിന്നെ നീ പറഞ്ഞതുപോലെ, നിൻ്റെ അച്ഛൻ എന്നെ അടിച്ച് സൂപ്പാക്കുകയും ചെയ്യും."
"അച്ഛൻ പാവമാണടാ, അച്ഛൻ ആരേയും ഉപദ്രവിക്കില്ല."
"അത് നിൻ്റെയടുത്ത്, സ്റ്റേഷനിൽ ചെന്നാൽ സ്വഭാവം മാറും. അല്ലെങ്കിലും പോലീസുകാരെ എനിക്ക് പേടിയാണടി."
"എന്തായാലും പoനം നിർത്തരുത്. എന്തെങ്കിലും ഒരു വഴികാണാതിരിക്കില്ല."
"എന്ത് വഴി, എന്നെ, യാരെങ്കിലും ചെല്ലും ചെലവും തന്ന് പഠിപ്പിക്കോ? കുടുംബത്തിൽ നിന്നും, അങ്ങനെയൊരു ചിന്തയുണ്ടാകുകയേയില്ല."
"അതിനൊക്കെ എന്തെങ്കിലും വഴിയുണ്ടാകുമോയെന്ന് നോക്കാം. നീ ധൈര്യമായിരിക്കു."
അവൾ തിരിഞ്ഞ് നടന്നു. അവൾ നടന്നകലുന്നത് നോക്കി കുറച്ചു നേരം നിന്നു.
------------തുടരും---------------