2023ല്‍ സന്ദര്‍ശിക്കേണ്ട ലോകത്തിലെ സ്ഥലങ്ങള്‍: ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി വാന്‍കുവറും 

By: 600002 On: Mar 17, 2023, 10:37 AM

ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ഈ വര്‍ഷം സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തിലെ 50 മനോഹരമായ സ്ഥലങ്ങളില്‍ വാന്‍കുവറും ഇടം നേടി. യൂറോപ്പ്, സൗത്ത്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവടങ്ങളിലെ നഗര കേന്ദ്രങ്ങള്‍ മുതല്‍ കരീബിയന്‍ ബീച്ചുകള്‍, ഓസ്‌ട്രേലിയ, ഇന്ത്യ, റുവാണ്ട എന്നിവടങ്ങളിലെ മനോഹരമായി കാഴ്ചകളും സഞ്ചാരികളെ കാത്തിരിക്കുന്നതായി ടൈം മാഗസിന്‍ പട്ടികയില്‍ ചൂണ്ടിക്കാണിക്കുന്നു. 

പ്രകൃതി സ്‌നേഹികളെയും കാഴ്ചകള്‍ ആസ്വദിക്കുകയും പുതിയ ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുന്നവരെയും ആകര്‍ഷിക്കുന്ന ഒരിടമാണ് വാന്‍കുവര്‍ എന്ന് മാഗസിന്‍ പറയുന്നു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് വാന്‍കുവറിന്റെ ഇന്‍ഡോര്‍ സ്ഥലങ്ങളെയാണ്. 

നഗരത്തിലെ റെസ്‌റ്റോറന്റുകള്‍, എക്ലറ്റിക് പാചകരീതികള്‍, ഭക്ഷണശാലകള്‍ എന്നിവയും നഗരത്തില്‍ ആദ്യമായി അടുത്തിടെ മിഷേലിന്‍ സ്റ്റാര്‍ പദവി നല്‍കിയതും വാന്‍കുവറിനെ പട്ടികയില്‍ ഇടം നേടുന്നതിന് സഹായിച്ചുവെന്ന് മാഗസിന്‍ വ്യക്തമാക്കുന്നു. സാല്‍മണ്‍ എന്‍ ബാനോക്കില്‍ ഭക്ഷണം ആസ്വദിക്കുക, തലേസ ടൂര്‍സില്‍ നിന്നും സ്റ്റാന്‍ലി പാര്‍ക്കിലേക്ക് ഗൈഡഡ് ടൂര്‍ നടത്തുക, ചൈനീസ് ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി സന്ദര്‍ശകരെ വാന്‍കുവര്‍ പ്രോത്സാഹിപ്പിക്കുന്നു. 

പട്ടികയില്‍ ഇടം നേടിയ മറ്റൊരു ലക്ഷ്യസ്ഥാനം മാനിറ്റോബയിലെ ചര്‍ച്ചിലാണ്. നോര്‍ത്ത് അമേരിക്കയിലെ മറ്റ് എന്‍ട്രികളില്‍ വാഷിംഗ്ടണ്‍ ഡി.സി, ഒറിഗണിലെ വില്ലാമെറ്റ് വാലി, ബോസ്മാന്‍ എന്നിവയും ഇടം നേടി.