തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സണ്‍ബീം ബ്രാന്‍ഡിലുള്ള ഹീറ്റഡ് ബ്ലാങ്കറ്റുകള്‍ തിരിച്ചുവിളിക്കുന്നതായി ഹെല്‍ത്ത് കാനഡ. 32810027 എന്ന മോഡല്‍ നമ്പറിലുള്ള സണ്‍ബീം ക്വീന്‍ സൈസ് ഹീറ്റഡ് ബ്ലാങ്കറ്റാണ് തിരിച്ചുവിളിക്കുന്നത്. കാനഡയില്‍ മൊത്തം 18,221 ബ്ലാങ്കറ്റുകളും യുഎസില്‍ 43,000 ബ്ലാങ്കറ്റുകളാണ് വിറ്റഴിച്ചതെന്നാണ് കണക്കുകള്‍.
ഹെല്‍ത്ത് കാനഡ, യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍, നിര്‍മാണ കമ്പനിയായ സ്റ്റാര്‍ എലൈറ്റ് എന്നിവ സംയുക്തമായാണ് പുതപ്പുകള്‍ തിരിച്ചുവിളിക്കുന്നത്. പുതപ്പുകള്‍ നശിപ്പിച്ച് റീഫണ്ടിനായി ഫയല്‍ ചെയ്യാന്‍ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
പുതപ്പ് അമിതമായി ചൂടാകാന്‍ സാധ്യതയുണ്ടെന്നും അത് പൊള്ളലേല്‍ക്കുന്നതിനോ തീപിടുത്തത്തിനോ സാധ്യത വര്‍ധിപ്പിക്കുമെന്നും സ്റ്റാര്‍ എലൈറ്റ് കമ്പനി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 8 ന് കാനഡയില്‍ നിന്നും ഏഴോളം പരാതികളും യുഎസില്‍ നിന്ന് 13 ഓളം പരാതികളും കമ്പനിക്ക് ലഭിച്ചു. എന്നാല്‍ ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.