വെസ്‌റ്റേണ്‍ കാനഡയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍ രേഖപ്പെടുത്തി 

By: 600002 On: Mar 17, 2023, 7:53 AM


ആല്‍ബെര്‍ട്ടയിലെയും ബീസിയിലെയും ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒന്നിലധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി എര്‍ത്ത്ക്വക്ക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ രണ്ട് ഭൂകമ്പങ്ങള്‍ രാവിലെ 8.46 ന് രേഖപ്പെടുത്തി. ആല്‍ബെര്‍ട്ടയിലെ റെനോയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയായി റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പീസ് റിവര്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമാണ് ഉണ്ടായത്. 

പീസ് റിവറിന്റെ തെക്കുകിഴക്കായി 40 കിലോമീറ്റര്‍ അകലെയുള്ള ചെറിയ ഗ്രാമമാണ് റെനോ. രാവിലെ 9 മണിക്ക് 35 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി രേഖപ്പെടുത്തിയ 4.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഈ മേഖലയില്‍ ഉണ്ടായി. അതേസമയം, ബീസിയിലെ ഡോസണ്‍ ക്രീക്കില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എര്‍ത്ത്ക്വക്ക്‌സ് കാനഡ അറിയിച്ചു. 

2022 നവംബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നോര്‍ത്ത് ഈസ്റ്റ് റെനോയുടെ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. എണ്ണയും വാതകവും വേര്‍തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ഈ പ്രദേശത്ത് നിരന്തരം ഭൂചലനം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.