പെഡിക്യൂര്‍ ചെയ്ത് അണുബാധയേറ്റു; ടൊറന്റോയില്‍ സ്ത്രീയുടെ കാല്‍വിരല്‍ മുറിച്ചുമാറ്റി 

By: 600002 On: Mar 17, 2023, 7:03 AM

ടൊറന്റോയിലെ സലൂണില്‍ നിന്നും പെഡിക്യൂര്‍ ട്രീറ്റ്‌മെന്റ് ചെയ്ത 60കാരിക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് കാല്‍വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി റിപ്പോര്‍ട്ട്. സെന്റ്. ക്ലെയര്‍ അവന്യുവിലുള്ള ലുലു എലഗന്‍സ് എന്ന സലൂണില്‍ നിന്നും പെഡിക്യുര്‍ ചെയ്ത മോണ്ടിസോറി ടീച്ചറായ ഗൈത്രി സിംഗിനാണ് ദാരുണമായ അനുഭവം നേരിടേണ്ടി വന്നത്. സലൂണുകളില്‍ പെഡിക്യുര്‍, മാനിക്യുര്‍ എന്നിവ വര്‍ഷങ്ങളായി താന്‍ ചെയ്യാറുള്ളതാണെന്ന് ഗൈത്രി സിംഗ് പറയുന്നു. എന്നാല്‍ അണുബാധയേറ്റതിന് കാരണമെന്താണെന്നറിയില്ലെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് സംഭവം. 

പെഡിക്യുര്‍ ചെയ്ത് വീട്ടിലെത്തി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അണുബാധയുണ്ടായത്. തുടര്‍ന്ന് അണുബാധ കൂടുതലായപ്പോള്‍ സണ്ണിബ്രൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തിയ സിംഗിന്റെ വലത്കാലിലെ പെരുവിരല്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. ഇതൊരു സാനിറ്ററി പ്രശ്‌നമല്ലെന്നും, പെഡിക്യുര്‍ ചെയ്തതിനിടയില്‍ മുറിവു പറ്റിയതാണ് അണുബാധയ്ക്ക് കാരണമെന്നും സിംഗിന് പ്രമേഹമുണ്ടായിരുന്നുവെന്നും സലൂണ്‍ നടത്തിപ്പുകാരനായ മുഹമ്മദ് മനാര്‍ പറഞ്ഞു. സിംഗിന് പ്രമേഹമുണ്ടായിരുന്നുവെന്ന് പെഡിക്യുര്‍ ചെയ്ത തന്റെ ജീവനക്കാരോട് പറഞ്ഞിരുന്നില്ലെന്നും സംഭവത്തിനു ശേഷം പെഡിക്യുര്‍ ചെയ്ത ടെക്‌നീഷ്യന്‍ സ്വമേധയേ സലൂണില്‍ നിന്നും രാജിവെച്ചു പോയെന്നും മനാര്‍ പറഞ്ഞു. 

അതേസമയം, തനിക്ക് പ്രമേഹമുണ്ടായിരുന്നുവെന്ന് ടെക്‌നീഷ്യന് അറിയാമായിരുന്നുവെന്നും നെയില്‍ പോളിഷ് പ്രോസിജ്യറായ ഷെല്ലാക്ക് ചെയ്യുമ്പോള്‍ അള്‍ട്രാവയലറ്റ് മെഷീന്‍ കൂടുതലായി ഉപയോഗിച്ചതാണ് മുറിവുണ്ടാകാന്‍ കാരണമെന്നും സിംഗ് ആരോപിച്ചു. എന്നാല്‍ സലൂണിനെതിരെ സിംഗ് നിയമടപടി സ്വീകരിച്ചിട്ടില്ല. ഇനി ആര്‍ക്കും തനിക്കുണ്ടായതുപോലുള്ള അനുഭവം ഉണ്ടാകരുതെന്നും പെഡിക്യുര്‍ സലൂണുകളില്‍ പോകുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും സിംഗ് മുന്നറിയിപ്പ് നല്‍കി.