ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലെന്ന് പഠനം 

By: 600002 On: Mar 17, 2023, 6:16 AM


ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരില്‍ ഫാറ്റിലിവര്‍ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. സിഎംഎജെ( CMAJ) ഓപ്പണിലെ പഠനമനുസരിച്ച് ഫാസ്റ്റ്ഫുഡിന്റെ ഉപഭോഗം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറുണ്ടാകുമെന്ന് പറയുന്നു. കരളില്‍ കൊഴുപ്പടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരില്‍ തന്നെ അമിത വണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഫാറ്റിലിവറിനുള്ള സാധ്യത കൂടുതലാണ്. കാനഡയില്‍ 20 വയസ്സിന് മുകളിലുള്ള നാലിലൊന്ന് പേര്‍ക്കും ഈ അവസ്ഥയുണ്ട്. ലിവര്‍ സിറോസിസ്, ലിവര്‍ സ്‌കാറിംഗ്, ലിവര്‍ കാന്‍സര്‍ മുതലായ ഗുരുതരമായ അവസ്ഥകളിലേക്ക് ഫാസ്റ്റ്ഫുഡ് ശീലങ്ങള്‍ നയിക്കാറുണ്ട്. 

യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് മെഡിസിന്‍ നടത്തിയ പഠനത്തിലും ഫാസ്റ്റ്ഫുഡ് കരള്‍ രോഗത്തിന് കാരണമാകുന്നതായി പറയുന്നു. ക്ലിനിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി എന്ന മെഡിക്കല്‍ മാഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസേന ഉള്ളില്‍ച്ചെല്ലുന്ന കലോറിയുടെ 20 ശതമാനമോ അതിലധികമോ ജങ്ക്ഫുഡില്‍ നിന്നാണെങ്കില്‍ പ്രമേഹരോഗികള്‍ ഉള്‍പ്പെടെയുള്ളവരില്‍ രോഗ സാധ്യത ഉറപ്പാണ്. സാധാരണ ആളുകളില്‍, ഭക്ഷണക്രമത്തിന്റെ അഞ്ചിലൊന്നു ഭാഗമോ അതിലധികമോ ഹോട്ടലുകളില്‍ നിന്നാകുമ്പോള്‍ പ്രശ്‌ന സാധ്യതയാണ്. 

ആരോഗ്യവാനായ ഒരാളുടെ കരളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് കൊഴുപ്പ് കാണപ്പെടുക. ഇതില്‍ നിന്നും ചെറിയ വ്യതിയാനം ഉണ്ടായാലും നോണ്‍ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

യുഎസിലെ 30 ശതമാനം ജനസംഖ്യയെയും കീഴ്‌പ്പെടുത്തുന്ന അസുഖമാണിത്. ഏകദേശം 4000 ഫാറ്റിലിവര്‍ രോഗികളില്‍ നടത്തിയ പരിശോധനയില്‍ 52 ശതമാനം പേരും ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണെന്ന ധാരണയിലെത്തിയത്. സാമൂഹിക-സാമ്പത്തിക വ്യത്യാസമില്ലാതെ ഫാസ്റ്റ്ഫുഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 50 വര്‍ഷമായി ക്രമാതീതമായി കൂടിവരുന്നുണ്ട്.