പ്രദേശവാസികളിൽ നിന്നും നേരിട്ട അധിക്ഷേപത്തെ തുടർന്ന് ഗ്രേറ്റർ ടൊറോൺടോ ഏരിയയിലെ മിസ്സിസാഗയിൽ മഞ്ഞ് നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന നിരവധി പേർ ജോലി രാജിവച്ചു. പലയിടത്തും, മഞ്ഞ് നീക്കം ചെയ്യുന്ന യന്ത്രം തങ്ങളുടെ റോഡിലേയ്ക്കു പ്രവേശിക്കുന്നത് ജനങ്ങൾ തടഞ്ഞു. ഇത്തരത്തിൽ നീക്കം ചെയ്യുന്ന മഞ്ഞ് തങ്ങളുടെ നടപ്പാതകളിലും ഡ്രൈവ് വേകളിലും തടസ്സം സൄഷ്ടിക്കാതിരിക്കാനാണ് പ്രദേശവാസികൾ ഇത്തരത്തിൽ പെരുമാറിയത് എന്നാണ് നിഗമനം. പല തൊഴിലാളികൾക്കും ശരീരികപീഡനങ്ങളും ഭീഷണിയും നേരിടേണ്ടിവന്നു. ഒരിടത്ത് ഒരു പ്രദേശവാസി തന്റെ ഷൊവൽ ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യുന്ന വാഹനത്തിന്റെ ലൈറ്റുകളും കണ്ണാടിയും തകർത്ത സാഹചര്യവും ഉണ്ടായി. ഇത്തരത്തിൽ എട്ട് സംഭവങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പീൽ റീജ്യണൽ പോലീസുമായി ചേർന്ന് പ്രശ്നം പരിഹരിക്കാനും, മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും, സമാനസംഭവങ്ങൾ ഇനി ആവർത്തിക്കാതെ നോക്കാനുമാണ് സിറ്റി അധികാരികൾ ശ്രമിക്കുന്നത്. മിസ്സിസാഗ മേയർ ബോണി ക്രോംബി സംഭവത്തെ അപലപിച്ചു. പ്രദേശവാസികളോട് ക്ഷമ പാലിക്കണം എന്നും റോഡുകൾ സുരക്ഷിതമാക്കുന്ന ജോലിയിൽ ഏർപ്പെട്ടവരോട് ബഹുമാനപൂർവം പെരുമാറണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബ്രാംപ്റ്റൺ, കാലിഡോൺ ടൗൺ തുടങ്ങിയ ഇടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.