ഒട്ടാവയിലെ വീട്ടുടമസ്ഥർക്ക് ഒക്യുപൻസി നില അറിയിക്കുവാനുള്ള അവസാന തീയതി മാർച്ച് 16

By: 600110 On: Mar 16, 2023, 6:45 PM

ഒട്ടാവയിലെ വീട്ടുടമസ്ഥർക്ക്  ഒക്യുപൻസി നില അറിയിക്കുവാനായി അനുവദിച്ച സമയം മാർച്ച് 16 ന് അവസാനിക്കുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഒട്ടാവയിലെ നിവാസികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള പാർപ്പിടങ്ങളിലെ ഒക്യുപൻസി നില അറിയിക്കണം എന്ന് ദി സിറ്റി ഓഫ് ഒട്ടാവ അധികാരികൾ അറിയിച്ചത്. ഒരു വർഷത്തിൽ 184 ദിവസമോ അതിലധികമോ ദിവസങ്ങൾ ആളൊഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് വേക്കന്റ് യൂണിറ്റ് ടാക്സ് ഗണത്തിൽ 1% അധിക നികുതി ഈടാക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

വീട്ടുടമസ്ഥന്റെ മരണം, ഉടമസ്ഥന്റെ ആശുപത്രി വാസം അഥവാ ദീർഘകാല ശുശ്രൂഷ, വസ്തുവിന്റെ വില്പന, കോടതിയുടെ നിർദ്ദേശപ്രകാരം വസ്തുവിന്റെ വില്പനയ്‌ക്കോ വസ്തുവിലുള്ള താമസത്തിനോ വാടകയ്ക്ക് നൽകുന്നതിനോ ഉണ്ടാകുന്ന നിരോധനം, പുതുക്കി പണിയൽ, മറ്റ് നിർമാണ  പ്രവർത്തികൾ, ചുരുങ്ങിയത് 100 ദിവസത്തെ പെർമിറ്റോടുകൂടി വീട് വാടകയ്ക്ക് കൊടുക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഈ അധിക നികുതി ബാധകമാവില്ല.