എഡ്മൺടണിൽ ഡ്യൂട്ടിക്കിടെ രണ്ട് പോലീസ് ഓഫീസേഴ്സ് കൊല്ലപ്പെട്ടു

By: 600110 On: Mar 16, 2023, 6:43 PM

എഡ്മൺടണിൽ ഡ്യൂട്ടിക്കിടെ രണ്ട് പോലീസ് ഓഫീസേഴ്സ് വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. ഏഡ്മൺടൺ പോലീസ് സർവീസിന്റെ മേധാവിയായ ഡെയ്ൽ മെക്കഫി പറയുന്നതിങ്ങനെ; " 114 അവന്യൂ 132 സ്ട്രീറ്റിനു സമീപം ബേവുഡ് അപ്പാർട്ട്മെന്റിൽ നിന്നും കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഒരു സഹായാഭ്യർത്ഥന വന്നു. അതിനെ തുടർന്ന് പോലീസ് ഓഫീസർമാരായ ട്രാവിസ് ജോർദാൻ, ബ്രറ്റ് റയാൻ എന്നിവർ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. അപ്പാർട്ട്മെന്റിലേയ്ക്കു പ്രവേശിച്ച ഓഫീസേഴ്‌സിനു നേരെ ഒരു പുരുഷൻ വെടിയുതിർക്കുകയും പിന്നീട് അയാൾ ആത്മഹത്യ ചെയ്യുകയും ഉണ്ടായി. പോലീസ് ഓഫീസേഴ്‌സിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല."

 

അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 132 സ്ട്രീറ്റിലെ 114 മുതൽ 117 അവന്യൂ വരെയുള്ള ഭാഗം ഏഡ്മൺടൺ പോലീസ് സർവീസ് അടച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നും നിലനിൽക്കുന്നില്ല എന്നും പോലീസ് സേനയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ച പോലീസ് മേധാവി, കൊല്ലപ്പെട്ട സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.