2022 ല്‍ എഡ്മന്റണ്‍ ട്രാന്‍സിറ്റ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; പോലീസ് റിപ്പോര്‍ട്ട് 

By: 600002 On: Mar 16, 2023, 10:37 AM

കഴിഞ്ഞ വര്‍ഷം എഡ്മന്റണ്‍ ട്രാന്‍സിറ്റ് കുറ്റകൃത്യങ്ങള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചതായി എഡ്മന്റണ്‍ പോലീസ് സര്‍വീസിന്റെ(ഇപിഎസ്) റിപ്പോര്‍ട്ട്. ഇപിഎസ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 31.4 ശതമാനം വര്‍ധനവാണ് കുറ്റകൃത്യ നിരക്കുകളില്‍ ഉണ്ടായിരിക്കുന്നത്. അക്കാലത്ത് വയലന്റ് കോളുകളുടെ എണ്ണം 52.8 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മൊത്തത്തില്‍, നഗരത്തിലുടനീളം നടക്കുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നാല് ശതമാനം എല്‍ആര്‍ടി സ്റ്റേഷനുകളിലോ ട്രാന്‍സിറ്റ് കേന്ദ്രങ്ങളിലോ ആണ് സംഭവിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇപിഎസ് അറിയിച്ചു. എഡ്മന്റണ്‍ സിറ്റിയുമായും ബെന്റ് ആരോ ട്രെഡീഷണല്‍ ഹീലിംഗ് സൊസൈറ്റി ഉള്‍പ്പെടെയുള്ള സോഷ്യല്‍ ഏജന്‍സി പങ്കാളികളുമായും ചേര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുമെന്ന് ഇപിഎസ് വ്യക്തമാക്കി. 

അടുത്തിടെ, ഡൗണ്‍ടൗണ്‍ കോറിലും നിരവധി സെന്‍ട്രല്‍ എല്‍ആര്‍ടി സ്‌റ്റേഷനുകളിലും കമ്മ്യൂണിറ്റി സേഫ്റ്റി ടീമുകളെ നിയമിച്ചിട്ടുണ്ട്.