പൈലറ്റുമാരുടെ ക്ഷാമം രൂക്ഷം: കാനഡയില്‍ വ്യോമയാന മേഖല പ്രതിസന്ധിയില്‍ 

By: 600002 On: Mar 16, 2023, 9:37 AM

പാന്‍ഡെമിക്കില്‍ ആടിയുലഞ്ഞ കനേഡിയന്‍ വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ ഇപ്പോള്‍ പൈലറ്റുമാരുടെ ക്ഷാമം മേഖലയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയും വിന്റര്‍ സ്റ്റോമും വിമാനയാത്രയെ സാരമായി ബാധിച്ചു. പൈലറ്റ് ക്ഷാമം കൂടി രൂക്ഷമായതോടെ വ്യോമയാന വ്യവസായം പ്രതിസന്ധിയുടെ വക്കിലാണ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികരെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. യോഗ്യരായ പൈലറ്റുമാരുടെ അഭാവം വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ കണക്കനുസരിച്ച്, പ്രീ-പാന്‍ഡെമിക് വര്‍ഷത്തില്‍ ഏകദേശം 1,100 പൈലറ്റുമാര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. വിദേശ പരിശീലനം ലഭിച്ച പൈലറ്റുമാര്‍ കൂടി ചേരുമ്പോള്‍ വെസ്റ്റ് ജെറ്റ്, എയര്‍ കാനഡ തുടങ്ങിയ വലിയ വിമാനക്കമ്പനികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ പര്യാപ്തമായിരുന്നു. എന്നാല്‍ 2020 ല്‍ പാന്‍ഡെമിക് ആരംഭിച്ചതോടുകൂടി പുതിയ പൈലറ്റുമാരുടെ എണ്ണവും ഇടിഞ്ഞു, ലൈസന്‍സിനായി അപേക്ഷിച്ചവരുടെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനും കാലതാമസമുണ്ടായി. 2020 ല്‍ 500 ല്‍ താഴെയും 2021 ല്‍ 300 ല്‍ താഴെയും 2022 ല്‍ 238 ല്‍ താഴെയും പൈലറ്റ് ലൈസന്‍സുകളാണ് നല്‍കിയതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

പൈലറ്റുമാര്‍ കുറഞ്ഞതോടെ മിക്ക എയര്‍ലൈനുകളുടെയും ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണുള്ളത്. കൂടാതെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാലതാമസവും നേരിടേണ്ടി വരുന്നു. പൈലറ്റുമാരുടെ കുറവിന് പരിഹാരമുണ്ടായേ തീരൂവെന്നാണ് അധികൃതരുടെയും യാത്രക്കാരുടെയും ആവശ്യം.