മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചതോടെ ബഫർസോൺ വിധി പരിഷ്ക്കരിക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് ആവർത്തിച്ച കോടതി ഇതിന് പരിഹാരമുണ്ടാകുമെന്നും പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് . ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ നീരീക്ഷണം. മനുഷ്യന്‍ കൂടി ചേരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂര്‍ത്തിയാകുന്നതെന്ന് ഓസ്കര്‍ ലഭിച്ച 'ദ എലഫന്‍റ് വിസ്പേഴ്സ്'ന്‍റെ കഥ ഉദ്ധരിച്ച് കേന്ദ്രത്തിനായി എ .എസ്.ജി ഐശ്വര്യഭട്ടി വാദിച്ചു. മുതുമല ദേശീയോദ്യാനത്തിനകത്തുള്ള തെപ്പക്കാട് ആന പുനരധിവാസ കേന്ദ്രത്തിലെ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരാണ് വനസംരക്ഷണത്തിൻ്റെ മികച്ച ഉദാഹരണങ്ങളെന്നും ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. കോടതിയും ഇതിനോട് യോജിച്ചു.