ബംഗളുരുവിൽ മൂന്നിടങ്ങളിലായി വീപ്പയിലാക്കി മൃതദേഹങ്ങൾ. മുപ്പതു വയസ്സിനു മുകളിൽ പ്രായം തോന്നുന്ന യുവതികളുടേതാണ് മൃതദേഹങ്ങൾ എന്നാണ് പോലീസ് നിഗമനം. എസ്‍എംവിടി, യശ്വന്തപുര, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ കഴിഞ്ഞ നാല് മാസത്തിനിടെ സമാന രീതിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സീരിയൽ കില്ലർ ആണ് പിന്നിലെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ താരതമ്യം ചെയ്ത ശേഷമേ വാസ്തവം സ്ഥിതീകരിക്കാനാവു. എസ്‍എംവിടി സ്റ്റേഷനിൽ നിന്ന് ലഭിച്ച യുവതിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്. യശ്വന്തപുരയിൽ നിന്ന് ലഭിച്ച മൃതദേഹം തീർത്തും അഴുകിയ നിലയിലായിരുന്നു. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹത്തിന് മേൽ ക്ഷതങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നിൽ ഓട്ടോയിൽ വന്ന മൂന്ന് പേർ ചേർന്ന് ഉപേക്ഷിച്ചത് ഉത്തർപ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മൂവരെയും പൊലീസ് പിടികൂടിയെങ്കിലും ഇവർക്ക് യശ്വന്തപുര സ്റ്റേഷനിൽ മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നാണ് കണ്ടെത്തൽ. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ലഭിച്ച വിവരങ്ങൾ വെച്ച് അന്വേഷണം ശക്തമാക്കിയതായി ബെംഗളൂരു പൊലീസ് അറിയിച്ചു.