ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായി എറിക്ക് ഗാർസെറ്റി

By: 600021 On: Mar 16, 2023, 1:15 AM

ലോസ് ആഞ്ജലസ് നഗരത്തിൻ്റെ  മുൻ മേയർ  എറിക്ക് ഗാർസെറ്റി ഇനി  ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ.  നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നൽകി. പ്രസിഡന്റ് ബൈഡൻ്റെ  വിശ്വസ്തനായ എറിക്ക്   കോളേജ് അധ്യാപകനും, 12 വര്‍ഷത്തോളം അമേരിക്കന്‍ നാവിക സേനയിലെ ഓഫീസറുമായിരുന്നു. മേയർ ആയിരുന്ന കാലത്ത് തൻ്റെ ഓഫീസ് ജീവനക്കാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാതിരുന്നത്  എറിക്കിനെ വിവാദത്തിലാക്കിയിരുന്നു. ഇത്  അംബാസഡർ നിയമനത്തിന് സെനറ്റിൽ തടസ്സമായി. 2021ൽ നൽകിയ ആദ്യ നോമിനേഷന്  സെനറ്റ്  അംഗീകാരം ലഭിക്കാത്തതോടെ ഈ വര്‍ഷം വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു. 2021 മുതല്‍ ദില്ലിയില്‍ അമേരിക്കയ്ക്ക് അംബാസിഡര്‍ ഉണ്ടായിരുന്നില്ല. 42നെതിരെ 54 വോട്ടുകള്‍ നേടിയാണ് എറിക് ഈ പദവിയിലേക്ക് എത്തുന്നത്.