ക്ലെയ്മുകളുടെ കാലതാമസം പരിഹരിക്കുന്നതിനായി പുതിയ ബില്ല്

By: 600110 On: Mar 15, 2023, 7:56 PM

ചെറിയ ക്ലെയ്മുകൾക്ക് വരുന്ന കാലതാമസം പരിഹരിക്കുന്നതിനായി ക്യൂബെക് നാഷണൽ അസംബ്ലി ബിൽ 8 പാസ്സാക്കി. ക്യൂബെക് കോടതിയിലെ സിവിൽ നടപടികൾ ലഘൂകരിച്ചും മധ്യസ്ഥതയെ പ്രോത്സാഹിപ്പിച്ചും ഇപ്പോഴത്തെ കാലതാമസം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 5000 ഡോളറോ അതിൽ കുറവോ ആയി ബന്ധപ്പെട്ട കേസുകൾക്ക് സൗജന്യ മധ്യസ്ഥതയും ആർബിട്രേഷനും നിർബന്ധമാക്കും. ഇതിലൂടെ 22 മാസത്തോളം നീളുന്ന കോടതി നടപടികൾ 3 മുതൽ 9 മാസം വരെയായി ചുരുക്കാൻ സാധിക്കും. ഒരു പൈലറ്റ് പ്രൊജക്റ്റ് അനുസരിച്ച്, മധ്യസ്ഥതയോടെയുള്ള സെറ്റിൽമെന്റ് നിരക്ക് 60% ആണ്. 50,000 ഡോളറിന് താഴെയുള്ള കേസുകളിൽ 'എക്സാമിനേഷൻസ് ഫോർ ഡിസ്കവറി' തടയുകയും, വിദഗ്ദ്ധാഭിപ്രായങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യും. 

ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള നോട്ടറികളെ ക്യൂബെക് കോടതിയിൽ ജഡ്ജിമാരായി നിയമിക്കാം. മധ്യസ്ഥതയും ആർബിട്രേഷനും സ്വീകരിക്കണം എന്ന നിയമത്തിൽ നിന്നും ലൈംഗിക അക്രമത്തെയും ഗാർഹിക പീഡനത്തെയും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള രീതികളെ മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് കൂടുതൽ ധനം നിക്ഷേപിക്കണം എന്നും പദ്ധതിയുടെ വികാസം ഒരു സ്കോർകാർഡ് ഉപയോഗിച്ച് വിലയിരുത്തണം എന്നും ലിബറൽ MNA ആന്ദ്രേ ആൽബർട്ട് മോറിൻ പറഞ്ഞു.