ഒന്റാരിയോ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ചെറു ഉപഗ്രഹം നാസ വിക്ഷേപിച്ചു 

By: 600002 On: Mar 15, 2023, 8:36 AM

എട്ട് വര്‍ഷത്തെ ഗവേഷണത്തിനും വികസനത്തിനും ശേഷം, ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ 150 ല്‍ അധികം വിദ്യാര്‍ത്ഥികളും ഗവേഷകരും ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ ഉപഗ്രഹം സ്‌പേസ് എക്‌സ് സിആര്‍എസ്-27 ല്‍ ഉള്‍പ്പെടുത്തി നാസ വിക്ഷേപിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ വിന്യസിക്കും. ദി ന്യൂഡോസ്(ന്യൂട്രോണ്‍ ഡോസിമെട്രി ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍)എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നതിന്റെ ദോഷഫലങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള റേഡിയേഷന്റെ അളവ് കണക്കാക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 

ബഹിരാകാശ യാത്രികര്‍ക്ക് അവരുടെ യാത്രയില്‍ പോരാടേണ്ടി വരുന്ന മറ്റ് ശാരീരിക വെല്ലുവിളികള്‍ക്ക് പുറമേ കാന്‍സറിന്റെയോ തിമിരത്തിന്റെയോ സാധ്യത വര്‍ധിപ്പിക്കാന്‍ ഈ റേഡിയേഷന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. 2014 ല്‍ നാസയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി ജോലി ചെയ്യുന്നതിനിടെയാണ് മക്മാസ്റ്ററുടെ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി വിഭാഗത്തിലെ അഡ്ജന്റ് പ്രൊഫസറും ബ്രൂസ് പവറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഹനു ആണ് ഈ ആശയം മുന്നോട്ടുവെച്ചത്. 2015 ല്‍ മക്മാസ്റ്റര്‍ ക്യാമ്പസില്‍ പോസ്റ്റര്‍ കാംപെയ്‌നിലൂടെയും വിദ്യാര്‍ത്ഥി സന്നദ്ധ പ്രവര്‍ത്തകരുടെ ചര്‍ച്ചകള്‍ക്ക് ശേഷവുമാണ് ന്യൂഡോസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 

കനേഡിയന്‍ ക്യൂബ്‌സാറ്റ് പ്രോജക്ട് വഴിയാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യഥാര്‍ത്ഥ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളാകാനുള്ള അവസരമാണ് ഇതിലൂടെ നല്‍കിയതെന്ന് ഗവേഷകര്‍ പറഞ്ഞു. ഉപഗ്രഹ നിര്‍മാണത്തിനായി കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും ബ്രൂസ് പവറും ധനസഹായം നല്‍കി. 

20 സെന്റിമീറ്റര്‍ മാത്രം നീളമുള്ള ന്യൂഡോസ് രണ്ട് വര്‍ഷത്തേക്ക് ഭൂമിയെ വലം വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയത്ത് ശേഖരിക്കുന്ന വിവരങ്ങള്‍ മക്മാസ്റ്ററിലെ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് കൈമാറും.