2022 ല്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ വേനല്‍ക്കാലത്തിന് ശേഷം, കാനഡ മറ്റൊരു ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തിനു കൂടി ഈവര്‍ഷം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഫാര്‍മേഴ്‌സ് അല്‍മാനക്കിന്റെ പ്രവചനം. കാനഡയിലുടനീളമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന ചൂട് സെപ്റ്റംബര്‍ ആദ്യം താപനില 32 ഡിഗ്രി സെഷ്യല്‍സില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
പ്രയറികളില്‍ ശരാശരിക്ക് മുകളിലുള്ള മഴയോടുകൂടിയ ബ്രോയിലിംഗ് ടെംപറേച്ചര്‍ കണ്ടേക്കാം. അതേസമയം, ക്യുബെക്കില്‍ സാധാരണ താപനിലയേക്കാള്‍ കഠിനമായതും വരണ്ടതുമായ ചൂടായിരിക്കും അനുഭവപ്പെടുക. ഒന്റാരിയോയില്‍ ഈര്‍പ്പമുള്ള താപനിലയായിരിക്കുമെന്നും ബീസി, അറ്റ്‌ലാന്റിക് പ്രവിശ്യകളില്‍ വരണ്ടതും എന്നാല്‍ കാലാനുസൃതവുമായ താപനിലയായിരിക്കും ഉണ്ടാവുക എന്നും അല്‍മനാക് പ്രവചിക്കുന്നു. കൂടാതെ പ്രയറികള്‍, റോക്കീസ്, ഗ്രേറ്റ് ലേക്ക്‌സ് എന്നിവയുള്‍പ്പെടെ സെന്‍ട്രല്‍ കാനഡയുടെ ചില ഭാഗങ്ങളില്‍ മഴ സാധാരണ നിലയേക്കാള്‍ കൂടുതലായിരിക്കുമെന്ന് അല്‍മനാക് പ്രതീക്ഷിക്കുന്നു. അതേസമയം, ക്യുബെക്കിന്റെയും മാരിടൈംസിന്റെയും ചില ഭാഗങ്ങളില്‍ സാധാരണയിലും താഴെയായിരിക്കും മഴ അനുഭവപ്പെടുക.