കഴിഞ്ഞ വര്‍ഷം ടൊറന്റോയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബോലോ പ്രോഗ്രാമില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയെ പിടികൂടുന്നതിന് സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ടൊറന്റോ പോലീസ്. റിച്ച്മണ്ട് ഹില്‍ സ്വദേശി കിയരാഷ് പര്‍ഴം(30) എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പാരിതോഷികം സെപ്റ്റംബര്‍ 14 വരെ ലഭ്യമാണെന്ന് പോലീസ് അറിയിച്ചു. 2022 ജൂണ്‍ 15 ന് കിയാന്‍ ഹൊസൈനി(28)യെ കൊലപ്പെടുത്തിയ കേസിലാണ് കിയരാഷ് പര്‍ഴത്തിനെ പോലീസ് തിരയുന്നത്.
ഷെപ്പേര്‍ഡ് അവന്യു വെസ്റ്റിനും യോങ് സ്ട്രീറ്റിനും സമീപമുള്ള ഷെപ്പേര്‍ഡ് യോങ് സബ്‌വേ സ്‌റ്റേഷന്റെ സമീപം നടന്ന വെടിവെപ്പിലാണ് കിയാന്‍ ഹൊസൈനിയെ പര്‍ഴം കൊലപ്പെടുത്തിയത്. 2022 ല്‍ നടന്ന 30 ആമത്തെ കൊലപാതകമായിരുന്നു ഹൊസൈനിയുടേത്.
വെടിവെപ്പിന് ശേഷം ഒന്റാരിയോ CVBA 460 ലൈസന്‍സ് പ്ലേറ്റുള്ള 2014 മോഡല്‍ ഹ്യുണ്ടായ് ടക്‌സണില്‍ പ്രതി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ രാജ്യത്തുടനീളം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ബോലോ പ്രോഗ്രാമിന്റെ 25 മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ കൂടുതല്‍ വാണ്ടഡ് ഫ്യുജിറ്റീവായി നാലാമനായി പര്‍ഴമിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ 416-808-7100 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.