ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിലും രാജവാഴ്ചയിലും കനേഡിയന്‍ പൗരന്മാരില്‍ പകുതിയിലധികം പേര്‍ക്കും താല്‍പ്പര്യമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. മെയ് 6 നാണ് രാജാവിന്റെ കിരീടധാരണം. ഈ സമയം രാജ്യത്തിന് രാജവാഴ്ചയുമായുള്ള ബന്ധം പുന: പരിശോധിക്കാനുള്ള സമയമാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ലെഗറിന്റെ സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. 1544 പേരാണ് ലെഗറിന്റെ വെബ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 14 ശതമാനം പേര്‍ക്ക് രാജാവിന്റെ കിരീടധാരണം എന്ന വാര്‍ത്ത നിരാശജനകമാണെന്നും 12 ശതമാനം പേര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. 67 ശതമാനം പേര്‍ ഇതില്‍ താല്‍പ്പര്യമേ ഇല്ല എന്ന് പ്രതികരിച്ചവരാണ്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 13 ശതമാനം പേര്‍ രാജവാഴ്ചയോട് വ്യക്തിപരമായ താല്‍പ്പര്യമറിയിച്ചെങ്കിലും 81 ശതമാനം പേര്‍ പറയുന്നത് തങ്ങളുടെ രാജ്യവുമായി രാജാവിനുള്ള ബന്ധത്തിന് താല്‍പ്പര്യമില്ലെന്നാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളില്‍ രാജവാഴ്ചയോടുള്ള താല്‍പ്പര്യം കുറഞ്ഞതായി സര്‍വേയില്‍ കണ്ടെത്തി. ചാള്‍സ് മൂന്നാമന്‍ രാജീവിനോടുള്ള നിസ്സംഗതയും ഈ സമയത്ത് ഉയര്‍ന്നു.
ക്യുബെക്കിലാണ് രാജവാഴ്ച വിരുദ്ധ വികാരം ശക്തമായിട്ടുള്ളത്. പ്രവിശ്യയില്‍ 71 ശതമാനം പേരും രാജവാഴ്ചയില്‍ താല്‍പ്പര്യമില്ലെന്നും രാജാവുമായുള്ള ബന്ധം പുന:പരിശോധിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.