ചെറുപ്രായക്കാര്‍ക്കിടയില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു: റിപ്പോര്‍ട്ട്

By: 600002 On: Mar 15, 2023, 4:51 AM

ചെറുപ്രായക്കാര്‍ക്കിടയില്‍ വന്‍കുടല്‍ കാന്‍സര്‍(colorectal cancer) വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസിലും കാനഡയിലും നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളിലെയും നിരക്ക് വര്‍ധിക്കുമ്പോഴും കാനഡയില്‍ സ്‌ക്രീനിംഗ് നയങ്ങളില്‍ ഇതുവരെ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി(ACS)  പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎസ് പൗരന്മാരില്‍ 55 വയസ്സിന് താഴെയുള്ളവരിലുണ്ടാകുന്ന വന്‍കുടല്‍ കാന്‍സര്‍  കേസുകള്‍ രാജ്യത്തുടനീളമുള്ള മൊത്തം കാന്‍സര്‍ കേസുകളുടെ 20 ശതമാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. 30 വര്‍ഷം മുമ്പ് യുഎസില്‍ ഈ പ്രായത്തിലുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ ബാധിച്ചതിന്റെ ഇരട്ടിയാണിത്. 

കാനഡയില്‍ നടത്തിയ പഠനവും സമാനമായ ഫലങ്ങളാണ് കാണിക്കുന്നത്. JAMA നെറ്റ്‌വര്‍ക്ക് 2019 ല്‍ നടത്തിയ പഠനമനുസരിച്ച് 2006 മുതല്‍ 2015 വരെ വന്‍കുടല്‍ കാന്‍സര്‍ നിര്‍ണയം നടത്തുന്ന ചെറുപ്പക്കാരില്‍ 31 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യുഎസില്‍ 45 വയസ്സ് മുതല്‍ വന്‍കുടല്‍ കാന്‍സറിനുള്ള സ്‌ക്രീനിംഗ് ശുപാര്‍ശ ചെയ്യുന്നു. അതേസമയം, കാനഡയില്‍ 50 വയസ്സ് കഴിയുമ്പോഴാണ് സ്‌ക്രീനിംഗിനായി ശുപാര്‍ശ ചെയ്യുന്നത്. 

വന്‍കുടല്‍ കാന്‍സര്‍ സാധാരണയായി പ്രായമായവരെയാണ് ബാധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നുണ്ട്. ജീവിതശൈലിയില്‍ വന്ന മാറ്റവും ഭക്ഷണരീതികളിലെ മാറ്റങ്ങളുമൊക്കെയാണ് വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നത് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

പഠനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും വന്‍കുടല്‍ കാന്‍സറിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും https://pressroom.cancer.org/CRCFactsFigures2023 സന്ദര്‍ശിക്കുക.