കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള് പുറത്തുവിടാന് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഒപ്പുവെച്ചു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപ് ബില്ലില് ഒപ്പുവെച്ചതോടെ അറ്റോര്ണി ജനറല് പാം ബോണ്ടി 30 ദിവസത്തിനുള്ളില് ഏപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്തുവിടും.
അതേസമയം, നിലവില് നടന്നുകൊണ്ടിരിക്കുന്ന ഫെഡറല് അന്വേഷണങ്ങളെ ബാധിക്കുന്ന വിവരങ്ങള് പുറത്തുവിടാന് സാധ്യതയില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
യുഎഇയില് നിന്നുമുള്ളവര്ക്ക് കൂടുതല് വിസാ ഇളവുകളുമായി ഇന്ത്യ. കൊച്ചിയും കോഴിക്കോടും അടക്കം മൂന്ന് വിമാനത്താവളങ്ങളില് കൂടി വിസ ഓണ് അറൈവല് സംവിധാനം പ്രഖ്യാപിച്ചു. ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്ക്കും പാക്കിസ്ഥാനില് വേരുള്ളവര്ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുന് ആഭ്യന്തര മന്ത്രി അസദുസ്സമാന് ഖാന് കമാലിനെയും ഇന്ത്യയില് നിന്ന് കൈമാറുന്നതിന് ഇന്റര്പോളിനെ സമീപിക്കാന് ബംഗ്ലാദേശ് ഒരുങ്ങുന്നു. ഹസീന സര്ക്കാരിനെതിരായ വിദ്യാര്ത്ഥി പ്രക്ഷോഭം അടിച്ചമര്ത്തിയ പോലീസ് നടപടികളുടെ പേരില് വധശിക്ഷയ്ക്ക് വിധിച്ച ഇരുവരെയും കൈമാറണമെന്ന് ബംഗ്ലാദേശ് സര്ക്കാര് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്.
രാജ്യാന്തര കുറ്റവിചാരണ ട്രൈബ്യൂണല് വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഹസീനയെ ഇന്ത്യ ഉടന് കൈമാറാന് സാധ്യതയില്ല. കുറ്റവാളികളെ കൈമാറാന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില് ഹസീനയെ കൈമാറണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല് ഈ ആവശ്യം തള്ളിക്കളയാനുള്ള അധികാരം കരാറിലെ വ്യവസ്ഥകളിലുണ്ടെന്ന് വിദഗ്ധര് പറയുന്നു.